ഗൂഗിളില്‍ കേരളം തിരഞ്ഞത്‌ സാമ്പത്തികപ്രതിസന്ധി

Friday, January 2, 2009

ബാംഗ്ലൂര്‍: ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എന്‍ജിനായ 'ഗൂഗിളില്‍' പോയവര്‍ഷം കേരളം ഏറ്റവുമധികം തിരഞ്ഞ പദം: 'സാമ്പത്തികപ്രതിസന്ധി'. കേരളത്തില്‍നിന്ന്‌ ഗൂഗിളിലൂടെ ഏറ്റവുമധികം തിരയപ്പെട്ട വെബ്‌സൈറ്റ്‌ കേരള സര്‍വകലാശാലയുടേതും.

ഒരു വര്‍ഷം ലോകമെങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു എന്ന കണക്ക്‌ എല്ലാ ഡിസംബറിലും ഗൂഗിള്‍ പുറത്തുവിടാറുണ്ട്‌. 'ഗൂഗിന്‍ സെദ്‌ഗെസ്‌' എന്നാണ്‌ ഈ വര്‍ഷാന്ത്യ കണക്കെടുപ്പിന്റെ പേര്‌. ഇന്ത്യയുടെ സെദ്‌ഗെസ്‌ കഴിഞ്ഞയാഴ്‌ച പുറത്തുവിട്ടെങ്കിലും മേഖല തിരിച്ചുള്ള അവലോകനം കഴിഞ്ഞദിവസമാണ്‌ അറിയിച്ചത്‌. 'ഫിനാന്‍ഷ്യല്‍ ക്രൈസിസ്‌' എന്ന പദമാണ്‌ 2008-ല്‍ കേരളത്തില്‍നിന്നുള്ളവര്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത്‌. മലയാളികളെ മറ്റു ദേശക്കാര്‍ തെല്ല്‌ പരിഹാസത്തോടെ വിളിക്കുന്ന 'മല്ലൂസ്‌' എന്ന പദം തൊട്ടുപിന്നിലായും വരുന്നു. കേരള സര്‍വകലാശാലയുടെ വെബ്‌സൈറ്റിനായുള്ള അന്വേഷണമാണ്‌ ആ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍. പരീക്ഷാഫലം പുറത്തുവരുന്ന മെയ്‌മാസത്തിലാണ്‌ കേരളാ സര്‍വകലാശാലാ സൈനറ്റിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണമുണ്ടാകുന്നത്‌. വെബ്‌സൈറ്റുകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ പി.എസ്‌.സി., കേരള പി.എസ്‌.സി, റിസള്‍ട്ട്‌സ്‌ കേരള, കേരള റിസള്‍ട്ട്‌സ്‌, കേരള എന്‍ട്രന്‍സ്‌, കേരള ഗവണ്മെന്റ്‌സ്‌, ബി.എസ്‌.എന്‍.എല്‍, കേരള ഗേള്‍സ്‌ തുടങ്ങിയ പദങ്ങള്‍ യഥാക്രമം പിന്നാലെയെത്തുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്‌. ഒന്നാംസ്ഥാനം ഗോവയ്‌ക്കും. വ്യക്തികളില്‍ ബോളിവുഡ്‌ സുന്ദരി കത്രീന കൈഫിനെയാണ്‌ ഇന്ത്യ കഴിഞ്ഞവര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്‌. ഐശ്വര്യ റായ്‌, മഹാത്മാഗാന്ധി തുടങ്ങിയവര്‍ പിന്നാലെയെത്തുന്നു. (അമേരിക്കയിലെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായിരുന്ന സാറാ പേലിനാണ്‌ ഇക്കാര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ ഒന്നാംസ്ഥാനം) ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്‌ ഓര്‍ക്കുട്ട്‌ വെബ്‌സൈറ്റിനാണ്‌. ''എങ്ങനെ ചെയ്യാം'' എന്ന വിഭാഗത്തില്‍, എങ്ങനെ ഭാരം കുറയ്‌ക്കാം, എങ്ങനെ ചുംബിക്കാം, എങ്ങനെ പണമുണ്ടാക്കാം, എങ്ങനെ ഗര്‍ഭം ധരിക്കാം തുടങ്ങിയവയ്‌ക്കാണ്‌ മുന്‍ഗണന. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ 'ആത്മഹത്യ' എന്ന പദത്തിനായി അന്വേഷണം നടത്തിയതും കേരളത്തില്‍ നിന്നാണ്‌ . ജര്‍മന്‍ പദമായ സെദ്‌ഗെസിന്‌ കാലഘട്ടത്തിന്റെ ചേതന എന്നാണ്‌ അര്‍ഥം.

പി.എസ്‌. ജയന്‍

0 comments: