ഇന്ത്യയുടെ ഇന്റര്‍നെറ്റ്‌ ജനാധിപത്യ മാതൃക

Thursday, September 18, 2008

ഔഷധ ഗവേഷണത്തിന്‌ ഇന്ത്യയുടെ ഇന്റര്‍നെറ്റ്‌ ജനാധിപത്യ മാതൃക
ജോമി തോമസ്‌

ന്യൂഡല്‍ഹി: ജനീവയില്‍ ശാസ്‌ത്രജ്ഞര്‍ പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം തേടുന്നതില്‍ മുന്നേറുമ്പോള്‍, വിജ്ഞാന ലോകത്തിന്‌ ഒരു ഇന്ത്യന്‍ മാതൃക സമര്‍പ്പിക്കപ്പെടുന്നു.

ഔഷധ ഗവേഷണത്തെ ഇന്റര്‍നെറ്റിലൂടെ ജനാധിപത്യവല്‍ക്കരിക്കുന്ന ഓപ്പണ്‍ സോഴ്സ്‌ ഡ്രഗ്‌ ഡിസ്കവറി (ഒഎസ്ഡിഡി) സംഘത്തിനു ചുക്കാന്‍ പിടിക്കുന്നതു സക്കീര്‍ തോമസ്‌ എന്ന മലയാളി.

പ്രധാന രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ ഗവേഷണം കുത്തക കമ്പനികളുടെ പരീക്ഷണശാലകളിലൊതുക്കാതെ ജനകീയ യജ്ഞമാക്കി മാറ്റുന്ന പ്രക്രിയയാണ്‌ ഒഎസ്ഡിഡി. ജനകീയമെന്നു വെറുതേ പറയുന്നതല്ല, ശാസ്‌ത്രജ്ഞരും ഡോക്ടര്‍മാരും പാരമ്പര്യ ചികില്‍സകരും വിദ്യാര്‍ത്ഥികളും കംപ്യൂട്ടര്‍ വിദഗ്ധരും സാധാരണക്കാരും അവരവരുടെ അറിവ്‌ ഇന്റര്‍നെറ്റിലൂടെ പങ്കുവെച്ച്‌ ഔഷധ ഗവേഷണത്തില്‍ പങ്കാളിയാവാം.

ക്ഷയരോഗത്തിനുള്ള മരുന്നു കണ്ടെത്താനാണ്‌ ആദ്യ ശ്രമം. താങ്ങാവുന്ന വിലയ്ക്കു മരുന്നു ലഭ്യമാക്കുക എന്ന താല്‍പര്യം മാത്രമാണ്‌ ഈ സംരംഭത്തിനു പിന്നില്‍. അതുകൊണ്ടുതന്നെ ലാഭക്കൊതിയന്‍മാര്‍ക്ക്‌ ഒഎസ്ഡിഡിയുടെ വെബ്‌ലോകത്തു കാര്യമില്ല. ഇവിടെ ഫോര്‍മുല ലളിതമാണ്‌. അറിവു പങ്കുവെച്ച്‌ പുതിയ അറിവു കണ്ടെത്തുക. കംപ്യൂട്ടര്‍ ലോകത്തെ ഒാ‍പ്പണ്‍ സോഴ്സ്‌ സോഫ്റ്റ്‌വെയറിന്റെ തത്വംതന്നെയാണ്‌ ഒഎസ്ഡിഡിയുടെയും പ്രവര്‍ത്തന മാതൃക. ഔഷധ ഗവേഷണത്തിനായി ബൃഹത്തായൊരു ജനകീയ സംരംഭം ഇതാദ്യമാണ്‌.

കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലിള്ള ശാസ്‌ത്ര - വ്യാവസായിക ഗവേഷണ കൌണ്‍സില്‍ (സിഎസ്‌ഐആര്‍) നേതൃത്വം നല്‍കുന്നതും 150 കോടി രൂപ ഇപ്പോള്‍ വകയിരുത്തിയിട്ടുള്ളതുമായ പദ്ധതിയുടെ പ്രവര്‍ത്തന രീതി ഇതാണ്‌:

ഇപ്പോള്‍ ലക്ഷൃമിടുന്നത് ക്ഷയരോഗത്തിനുള്ള മരുന്നാണ്‌. അതിനെക്കുറിച്ചുള്ള ഗവേഷണം എവിടെവരെയെത്തി നില്‍ക്കുന്നു, തടസ്സങ്ങള്‍ എന്തൊക്കെ എന്നു പദ്ധതിയുടെ വെബ്സൈറ്റായ http://www.osdd.net/ ല്‍നിന്നു മനസ്സിലാക്കാം. ഈ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്‌ത്‌ ആര്‍ക്കും ഗവേഷണ പദ്ധതിയില്‍ അംഗത്വമെടുക്കാം.അംഗങ്ങള്‍ തങ്ങളുടെ അറിവുകള്‍ വെബ്സൈറ്റിലേക്കു നല്‍കും. ഒന്നാംനിര ശാസ്‌ത്രജ്ഞരുടെ പാനല്‍ പരിശോധിച്ച് ഈ അറിവു ലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കും. മുന്നേറാനുള്ള വഴികളെക്കുറിച്ച്‌ അംഗങ്ങള്‍ പരസ്പരം മനസ്സിലാക്കും. മുന്നേറ്റം എങ്ങനെ എന്നാണു വെബ്‌ലോകത്തു പിന്നെ കൂട്ടായ ആലോചന.

കണക്കുകള്‍ക്കൊണ്ടാണെങ്കില്‍ അതിലെ വിദഗ്ധന്‍മാര്‍ വഴി പറയും, പുതിയൊരു കംപ്യൂട്ടര്‍ പ്രോഗ്രാം വേണമെങ്കില്‍ അതിലെ വിദഗ്ധര്‍ വഴികാട്ടും, രാസപദാര്‍ഥങ്ങളാണു വിഷയമെങ്കില്‍ ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തി ഫലവുമായെത്തും. ഓരോ വഴികണ്ടെത്തലും 'വെല്ലുവിളി എന്നാണു വിളിക്കപ്പെടുക. വെല്ലുവിളികള്‍ ഏറ്റെടുത്തു പരിഹരിക്കുന്നവര്‍ക്കു പോയിന്റുകള്‍ ലഭിക്കും. പോയിന്റുകള്‍ ശേഖരിക്കാന്‍ ഓരോ അംഗത്തിനും കാര്‍ഡുണ്ടാവും. വെല്ലുവിളിയുടെ ഗൌരവമനുസരിച്ചു പോയിന്റുകള്‍ കൂടും. പോയിന്റുകള്‍ പിന്നീടു പ്രതിഫലമായി മാറും.

ഒരു വെല്ലുവിളിയില്‍ ഗവേഷക കൂട്ടായ്മ വിജയിച്ചുകഴിഞ്ഞാല്‍ അടുത്തതിലേക്കു നീങ്ങുകയായി. അങ്ങനെയങ്ങനെ ഗവേഷണ മലകയറി മരുന്നിലെത്തും. ക്ഷയരോഗം തടുക്കുന്ന മരുന്നിനു ക്ലിനിക്കല്‍ ട്രയല്‍വരെയുള്ള ആദ്യഘട്ടം 2012ലും മരുന്നിന്റെ ഉല്‍പാദനത്തിലേക്കെത്തിക്കുന്ന രണ്ടാംഘട്ടം 2017ലും പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.കണ്ടുപിടിക്കപ്പെടുന്ന മരുന്നിന്‌ ആര്‍ക്കും പേറ്റന്റ്‌ ഉണ്ടാവില്ല.

ഉല്‍പാദനത്തിനു തയാറായി വരുന്ന കമ്പനികളുടെ കൂട്ടായ്മയുമായി സിഎസ്‌ഐആര്‍ ഉണ്ടാക്കുന്ന കരാറിലെ പ്രധാന വ്യവസ്ഥ ഇതാവും: ഏറ്റവും കുറഞ്ഞ വിലയ്ക്കു മരുന്നു ലഭ്യമാക്കുക. കാരണം ഇതു ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ കണ്ടുപിടിച്ച മരുന്നാണ്‌. അവശ്യ മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കുന്നതിനുള്ള പോംവഴിയായി ഗവേഷണം പൊതുസ്വത്താക്കുക എന്ന സിഎസ്‌ഐര്‍ ഡയറക്ടര്‍ ജനറല്‍ എസ്‌.കെ. ബ്രഹ്മചാരിയുടെ ആശയത്തിനാണ്‌ ഇന്നു ചിറകുവയ്ക്കുന്നത്‌.

ഇന്ത്യന്‍ റവന്യു സര്‍വീസില്‍നിന്നു വഴിമാറി പേറ്റന്റുകളുടെയും പകര്‍പ്പവകാശത്തിന്റെയും ലോകത്തേക്കു വന്നയാളാണു പാലാ സ്വദേശിയായ പ്രോജക്ട്‌ ഡയറക്ടര്‍ സക്കീര്‍ തോമസ്‌. സക്കീറിനൊപ്പം കോഴിക്കോട്ടുനിന്നുള്ള എംബിബിഎസ്‌ ഡോക്ടറായ വിനോദ്‌ സ്കറിയ, ശാസ്‌ത്രജ്ഞരായ ഡോ. എസ്‌. രാമചന്ദ്രന്‍, ഡോ. ദേബശിഷ്‌ ദാസ്‌, ഡോ. ജ്യോതി യാദവ്‌, ഡോ. അന്‍ഷു ഭരദ്വാജ്‌ തുടങ്ങിയവരുടെ നിരയുണ്ട്‌.

വിദേശത്തെയും ഇന്ത്യയിലെയും വിവിധ സര്‍വകലാശാലകളും സിഎസ്‌ഐആറിനു കീഴിലുള്ള പരീക്ഷണശാലകളും പദ്ധതിയുടെ അണിയറയിലുണ്ട്‌. ബിരുദാനന്തര ബിരുദതലം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠന ഭാഗമായി പ്രോജക്ടുകള്‍ ചെയ്യാനുള്ള സൌകര്യവും വെബ്‌ലോകത്തെ പരീക്ഷണവേദിയിലുണ്ടാവും.

വിജയകരമായി പ്രോജക്ട്‌ പൂര്‍ത്തിയാക്കുന്നവര്‍ക്കു സിഎസ്‌ഐആര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.മരുന്നു കണ്ടെത്തും എന്ന വാശിയിലല്ല തങ്ങളെന്നു സക്കീര്‍ തോമസ്‌ പറഞ്ഞു. വിജയമാണു ലക്ഷ്യം. പൂര്‍ണ വിജയം സാധിച്ചില്ലെങ്കിലും ഗവേഷണത്തില്‍ ഏറെ മുന്നേറാനായാല്‍ വലിയ കാര്യം.

ഫലപ്രദമായ മരുന്നിനുള്ള ഗവേഷണം ഏറെക്കാലമെടുക്കുമെന്നതും വിപണിയില്‍നിന്നുള്ള വരുമാനം ചെറുതായിരിക്കുമെന്നതും വന്‍കിട കമ്പനികളെ ക്ഷയരോഗ മരുന്നു ഗവേഷണത്തില്‍നിന്നു പിന്തിരിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും രണ്ടു ക്ഷയരോഗികള്‍ വീതം മരിക്കുന്നു. പദ്ധതി സുഗമമായി മുന്നേറുന്നുവെന്നു വ്യക്‌തമായാല്‍ മലേറിയ തടയാനുള്ള മരുന്നിനുള്ള ഗവേഷണ ലോകവും തുറക്കും. പിന്നാലെ അടുത്ത മരുന്നിനായുള്ള മലകയറ്റം.

മനോരമ ദിനപത്രം

0 comments: