ബിഗ്‌ ബാങ്ങ്‌ തകര്‍ക്കാന്‍ ഹാക്കര്‍മാര്

Saturday, September 13, 2008

ജനീവ: പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം തേടുന്ന മഹാപരീക്ഷണത്തിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലും ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. 'ബിഗ്‌ ബാങ്ങ്‌' പരീക്ഷണം തടസപ്പെടുത്തുന്നതിന്‌ തൊട്ടടുത്തുവരെ ഹാക്കര്‍മാര്‍ എത്തിയതായി സേണ്‍സ്‌ അധികൃതര്‍ സ്ഥിരീകരിച്ചു. കനത്ത സുരക്ഷാ സന്നാഹത്തോടെ നടക്കുന്ന ബിഗ്ബാങ്ങ്‌ പരീക്ഷണ ശൃംലയിലെ നുഴഞ്ഞുകയറ്റം ശാസ്‌ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്‌. കുപ്രസിദ്ധമായ ഒരു ഹാക്കര്‍ ഗ്രൂപ്പാണ്‌ നെറ്റ്‌വര്‍ക്കില്‍ കടന്നുകയറിയതെന്ന്‌ സേണ്‍സ്‌ ലാബ്‌ അധികൃതര്‍ അറിയിച്ചു.

പരീക്ഷണം തുടങ്ങിയ ഉടനെ സേണ്‍സിന്റെ വെബ്സൈറ്റിലാണ്‌ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്‌. ഞങ്ങളോടൊപ്പം ആഹാരം പങ്കുവയ്ക്കരുത്‌ എന്ന സന്ദേശത്തോടെയാണ്‌ ഇവര്‍ വെബ്സൈറ്റില്‍ കടന്നു കയറിയത്‌. പരീക്ഷണം തുടരുന്നത്‌ തടസ്സപ്പെടുത്തണമെന്ന്‌ ഉദ്ദേശ്യമില്ലെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു.

ശാസ്‌ത്രജ്ഞര്‍ക്കായി മറ്റു ചില സന്ദേശങ്ങളും ഹാക്കര്‍മാര്‍ അയിരുന്നു. 'പരീക്ഷണം വഴി അപകടമുണ്ടായ ശേഷം ജാള്യത മറയ്ക്കാന്‍ ശാസ്‌ത്രജ്ഞര്‍ ഒളിത്താവളങ്ങള്‍ തേടി നടക്കുന്നത്‌ ഞങ്ങള്‍ക്കിഷ്ടമല്ല. അതുകൊണ്ട്‌ നിങ്ങളെ ഞങ്ങള്‍ ഇപ്പോള്‍ തന്നെ നഗ്നരാക്കുന്നു'. സന്ദേശത്തില്‍ പറയുന്നു. പരീക്ഷണത്തിനെതിരെ ഭീഷണി മുഴക്കി ശാസ്‌ത്രജ്ഞര്‍ക്ക്‌ മുമ്പും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡറിന്റെ കണ്‍ട്രോള്‍ മെക്കാനിസം വരെ ഇവര്‍ നുഴഞ്ഞുകയറി. ചില ഫയലുകള്‍ നശിപ്പിക്കാനും ഇവര്‍ക്കു കഴിഞ്ഞു. കൃത്യസമയത്ത്‌ ഹാക്കിങ്ങ്‌ തിരിറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, പരീക്ഷണം പൂര്‍ണമായും തടസപ്പെടുമായിരുന്നു.

രണ്ടു ഹാക്കിങ്ങ്‌ ഗ്രൂപ്പുകള്‍ തമ്മിലുള്ള മല്‍സരമാണ്‌ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രയത്നവും ചെലുത്തിയിരിക്കുന്ന പരീക്ഷണം ആശങ്കയിലാക്കിയത്‌. 1337 എന്ന ഗ്രൂപ്പിനോട്‌ മല്‍സരിച്ച്‌ 2600 എന്ന ഹാക്കിങ്ങ്‌ ഗ്രൂപ്പാണ്‌ നെറ്റ്‌വര്‍ക്കില്‍ കയറിയത്‌. ഈ ഗ്രൂപ്പിന്‌ ഗ്രീക്ക്‌ സെക്യൂരിറ്റി ടീം എന്നും വിളിപ്പേരുണ്ട്‌. വലിയ ഒരുക്കങ്ങളോടെ നടത്തുന്ന ബിഗ്‌ ബാങ്ങ്‌ പരീക്ഷണത്തിലും ഹാക്കര്‍മാക്ക്‌ നുഴഞ്ഞുകയറാന്‍ കഴിഞ്ഞു എന്നത്‌ മഹാപരീക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച്‌ കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്‌.

മനോരമ ദിനപത്രം
13.08.08

1 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പരീക്ഷണങ്ങള്‍ തുടരുന്നു എന്നാണ് ലേറ്റസ്റ്റ് ന്യൂസ്