എടുക്കാത്ത ലോട്ടറിക്കു കിട്ടാത്ത സമ്മാനം

Sunday, August 31, 2008


'അഭിനന്ദനങ്ങള്‍. ലോകപ്രശസ്‌ത ലോട്ടറി കമ്പനിയായ ഞങ്ങളുടെ ഇക്കഴിഞ്ഞ നറുക്കെടുപ്പില്‍ താങ്കള്‍ക്കു 10 ലക്ഷം യൂറോയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നു. ഈ വിവരം താങ്കള്‍ രഹസ്യമായി വയ്ക്കുക. പണം നല്‍കുന്നതിനായി ഞങ്ങളുടെ സാമ്പത്തികകാര്യ വിദഗ്ധന്‍ ഉടന്‍ താങ്കളുമായി ബന്ധപ്പെടും. സമ്മാനത്തുക ഈ മാസം 30നു മുന്‍പുതന്നെ കൈപ്പറ്റിയില്ലെങ്കില്‍, നഷ്ടപ്പെടും. താങ്കളുടെ അഡ്രസ്സില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായാല്‍ ഉടന്‍ ഞങ്ങളെ അറിയിക്കാന്‍ മറക്കരുത്‌. ഈ വര്‍ഷാവസാനം നറുക്കെടുപ്പു നടക്കുന്ന ഞങ്ങളുടെ 100 ലക്ഷം യൂറോയുടെ മെഗാ ലോട്ടറിയില്‍ പങ്കെടുക്കാന്‍ താങ്കള്‍ യോഗ്യനായിരിക്കുന്നു. ഇ-മെയിലായോ തപാലിലോ ഫോണിലോ കൂടി ഇത്തരത്തിലൊരു സന്ദേശം നിങ്ങള്‍ക്കും ലഭിച്ചിരിക്കാം. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ആള്‍ക്കാരെ പറ്റിക്കുന്ന വ്യാജ ലോട്ടറിയുടെ പ്രാരംഭ സന്ദേശമാണിത്‌.

ഇതിനുശേഷം ധനകാര്യ വിദഗ്ധന്റെ സന്ദേശം ലഭിക്കും. സമ്മാന തുകയുടെ ഡ്രാഫ്റ്റ്‌ അയച്ചൂനല്‍കുന്നതിലേക്കായുള്ള പ്രാരംഭചെലവുകള്‍ക്ക്‌ 250 യൂറോ അയയ്ക്കാന്‍ ആവശ്യപ്പെടുന്നു. കൂടെ ഒരു ഫോമില്‍ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും അയച്ചുകൊടുക്കാനും ഉപദേശിക്കുന്നു. ചിലപ്പോള്‍ ഫോണ്‍ വഴിയാകാം സന്ദേശം ലഭിക്കുക. മറ്റു ചിലപ്പോള്‍ മുന്തിയ ഹോട്ടലില്‍ താമസിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെ നേരില്‍ക്കണ്ടു പണം സ്വീകരിക്കാന്‍ വരെ ആവശ്യപ്പെടും. ലോട്ടറി തുകയ്ക്ക്‌ ആദായനികുതി നല്‍കാനുള്ള തുകയുടെ കാഷ്‌ ചെക്ക്‌ കൂടെ കരുതാനും ഒാ‍ര്‍മപ്പെടുത്തും.

അത്യധികം മര്യാദക്കാരും ആരെയും വിശ്വസിപ്പിക്കുന്ന വാക്ചാതുര്യവും ഉള്ള ലോട്ടറിക്കാര്‍ പലപ്പോഴും സത്യമെന്നു കരുതത്തക്ക രീതിയിലുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും നല്‍കാറുണ്ട്‌. ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലും മറ്റും ആയിരക്കണക്കിന്‌ ആളുകളെ പറ്റിച്ച്‌ തുകകള്‍ തട്ടിയെടുത്തിട്ടുണ്ട്‌ ഈ ഇന്റര്‍നെറ്റ്‌ ലോട്ടറി സംഘങ്ങള്‍.തികച്ചും വ്യാജമായ ഇത്തരം ലോട്ടറി ഇടപാടുകളിലൂടെ പണം നല്‍കരുതെന്നു റിസര്‍വ്‌ ബാങ്ക്‌ ഈയടുത്ത കാലത്തു പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഫോറിന്‍ എക്സ്ചേഞ്ച്‌ മാനേജ്മെന്റ്‌ നിയമപ്രകാരം വിദേശ ലോട്ടറികളില്‍ ഇന്ത്യന്‍ പൌരന്‍മാര്‍ പണം നിക്ഷേപിക്കുന്നതു കുറ്റകരമാണ്‌.

നിങ്ങള്‍ക്കു നല്‍കേണ്ടുന്ന സമ്മാന തുക റിസര്‍വ്‌ ബാങ്കിന്റെ അക്കൌണ്ടില്‍ മുന്‍കൂട്ടി നിക്ഷേപിച്ചതായി ഇരകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന വിരുതന്‍മാരും ഉണ്ട്‌. വ്യക്‌തികള്‍ക്കു വിതരണം ചെയ്യുന്നതിലേക്കായി ഏതെങ്കിലും കമ്പനികളുടെയോ ട്രസ്റ്റുകളുടെയോ പണം ഒരിക്കലും റിസര്‍വ്‌ ബാങ്ക്‌ സ്വീകരിക്കില്ല എന്നതാണു വസ്‌തുത.

ഏതുതരം ലോട്ടറികളിലും - ഇന്ത്യയിലായാലും, വിദേശത്തായാലും - ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചു പണം നല്‍കുന്നത്‌ എല്ലാ കാര്‍ഡ്‌ കമ്പനികളും നിരോധിി‍ട്ടുണ്ട്‌. പണം വയര്‍ ട്രാന്‍സ്ഫര്‍ ആയി അയച്ചുതരാന്‍ നമ്മുടെ ബാങ്ക്‌ അക്കൌണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെടുക സാധാരണമാണ്‌. അക്കൌണ്ടുകളിലേക്കു നേരിട്ടു പണം അയച്ചുതന്നാല്‍ ക്രെഡിറ്റ്‌ കാര്‍ഡോ ഡെബിറ്റ്‌ കാര്‍ഡോ ഉപയോഗിച്ച്‌ അനായാസം പിന്‍വലിക്കാമെന്നും അതിനാല്‍ കാര്‍ഡിന്റെ വിവരങ്ങളും ആവശ്യപ്പെടാറുണ്ട്‌.


ഒരിക്കല്‍ ഒരാള്‍ക്കു വിവരങ്ങള്‍ നല്‍കിയാല്‍ അത്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വ്യാജ സ്ഥാപനങ്ങള്‍ക്കും ഇവര്‍ കൈമാറും. കൃത്യമായ വ്യക്‌തിവിവരങ്ങളും മറ്റും ഉപയോഗിച്ചായിരിക്കും മറ്റു വ്യാജന്‍മാര്‍ പിന്നീട്‌ അതേ വ്യക്‌തിയെ സമീപിക്കുക.വ്യാജ ലോട്ടറി സംബന്ധിച്ച സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനു മറ്റു ചില സ്വഭാവങ്ങളുമുണ്ട്‌. ഒന്നോ അതിലധികമോ റഫറന്‍സ്‌ നമ്പരും പണം ലഭിക്കുന്നതുവരെ അതു രഹസ്യമായി സൂക്ഷിക്കണമെന്നുള്ള നിര്‍ദേശവുമുണ്ടാകും. തികച്ചും സത്യമെന്നു തോന്നത്തക്ക രീതിയില്‍ അയയ്ക്കുന്നവരുടെ ഫോണ്‍, ഫാക്സ്‌, ഇ-മെയില്‍ വിവരങ്ങള്‍ ഉണ്ടായിരിക്കും. അടുത്ത സുഹൃത്തുക്കളോടു പോലും പറയരുതെന്ന രീതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ ധ്വനി സൂചിപ്പിക്കുന്ന ഒന്നിലധികം പരാമര്‍ശങ്ങള്‍ ഇത്തരം സന്ദേശങ്ങളുടെ പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കാതിരിക്കാനുള്ള അടവുകളാണിവ.

യഥാര്‍ത്ഥ ലോട്ടറികളില്‍ സമ്മാനത്തുക വാങ്ങാന്‍ ഒരിടത്തും പ്രോസസിങ്ങ്‌ ഫീസ്‌ ആവശ്യപ്പെടാറില്ല. മാത്രമല്ല, സമ്മാനത്തുകയിന്‍മേലുള്ള ആദായ നികുതി ആദ്യമേ പിടിച്ചിട്ട്‌ ബാക്കി തുക മാത്രമേ യഥാര്‍ത്ഥ ലോട്ടറികളില്‍ നല്‍കാറുള്ളൂ.



സമ്മാനത്തുകയോടൊപ്പം ചില ബോണസ്‌ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നരുമുണ്ട്‌. വിലകൂടിയ കാറുകളും, അവധിക്കാല യാത്രകളും അടങ്ങുന്ന സമ്മാന പരമ്പര ലഭിക്കാനായി ചെറിയ തുകകള്‍ അയയ്ക്കാന്‍ ആവശ്യപ്പെടും. പണം അയച്ചു വര്‍ഷങ്ങള്‍ കാത്തിരുന്നാലും സമ്മാനങ്ങള്‍ ലഭിക്കില്ല.
എടുത്തിട്ടില്ലാത്ത ലോട്ടറി ടിക്കറ്റിനു സമ്മാനം വാഗ്ദാനം ചെയ്യുന്ന ഇ-മെയിലുകളും മറ്റു സന്ദേശങ്ങളും അപ്പാടെ അവഗണിക്കുക. പ്രലോഭനം ഏതു രീതിയിലായാലും അനങ്ങരുത്‌, വിവരങ്ങള്‍ നല്‍കുകയും അരുത്‌

സി.എസ് രണ്ജിത്ത്

മനോരമ
lottery, online lottery, kerala lottery, google lottery, internet lottery, it news,

2 comments:

നരിക്കുന്നൻ said...

ഇത്തരം ഇ-മെയിലുകൾ ദിനേന ലഭിക്കുകയും, ഒരിക്കൽ ഇവരുടെ പരിപാടി അറിയാൻ വേണ്ടി ഒരു കൌധുകത്തിന് ചില എഴുത്ത് കുത്തുകൾ നടത്തുകയും ചെയ്ത ആളാണ് ഞാൻ. പ്രൊസസിംഗ് ആവശ്യത്തിനും, ഡ്രാഫ്റ്റായി കുരിയർ ചെയ്യുന്നതിനും തുടങ്ങി പല ആവശ്യങ്ങൾ പറഞ്ഞ് എന്നോട് 2000ൽ അതികം യൂറോ അന്ന് എന്നോട് ആവശ്യപ്പെട്ടു. ഈ തുകകളെല്ലാം എനിക്ക് ഞാൻ പോലും അറിയാതെ വെറുതെ നൽകിയ സ്ഥിതിക്ക് എന്തൊകൊണ്ട് എന്റെ ലോട്ടറി തുകയിൽ നിന്ന് എടുത്ത് ബാക്കി അതെത്രയായാലും എനിക്ക് അയച്ച് തന്ന് കൂടാ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്ക് മറുപടി കിട്ടിയിട്ടില്ല.

ഇത്തരം തട്ടിപ്പിലൂടെ ഒരുപാട് ആളുകൾ ചതിക്കപ്പെടുന്നുണ്ട്. അവർക്ക് ഈ പോസ്റ്റ് വളരെ അധികം ഉപകാരപ്രധമാകുമെന്ന് കരുതാം.

ആരും നമുക്ക് വെറുതെ കാശ് തരില്ല. കാരണം, ഭൂമിയിൽ വെറുതെ കിട്ടാത്ത ഒന്നേ ഉള്ളൂ അത് പണമാണ്.

Anonymous said...

നരിക്കുന്നൻ ....കമന്റിനു നന്ദി

താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ .വെറുതെ കിട്ടാത്ത ഒന്നാണ്‌ കാശ്‌. എന്നാല്‍ വെറുതെ കിട്ടണം എന്നാശിക്കുന്നതും ഈ സാധനം തന്നെയാണ്‌

എനിക്ക്‌ ഈയടുത്ത്‌ ഒരു മെയില്‍ കിട്ടി. ഈ-മെയില്‍ ഐ ഡി ഉണ്ടാക്കി രണ്ടാമത്തെ മെയില്‍ ആയതു കൊണ്ട്‌ ഞാന്‍ താല്‍പര്യപൂര്‍വ്വം തുറന്നു നോക്കി. ജീവിതത്തില്‍ ഇതു വരെ ലോട്ടറി എടുക്കാത്ത എനിക്ക്‌ ലക്ഷങ്ങളുടെ ലോട്ടറി അടിച്ചിട്ടുണ്ട്‌ എന്ന്‌. വായിച്ചപ്പോള്‍ തന്നെ എന്തോ ഉള്‍ഭയം തോന്നി .വേഗം ആ മെയില്‍ ഡിലീറ്റ്‌ ചെയ്തു. പിന്നീടാണ്‌ ഈ ലേഖനം കയ്യില്‍ കിട്ടുന്നത്‌. അല്ലെങ്കില്‍ ആ മെയില്‍ കൂടി ഉള്‍പ്പെടുത്തുമായിരുന്നു.